റിപ്പോർട്ട് വായനേതരം

ഫുട്ബോൾ ഗ്യാലറി

2026, ഒക്‌ടോബർ 16

ജൂലൈ 17 നു നടന്ന അക്ഷരായനം നടത്തിയ “കളിക്കളം / പന്തുരുളുമ്പോൾ ”എന്ന മീറ്റിംഗിൽ രാമൻ തൃക്കഴിപ്പുറം നടത്തിയ key note അഡ്രസ് : ഫിഫ പ്രീക്വാർട്ടർ മത്സരം ഫ്രാൻസ് -പരാഗ്വയ്‌ - കാൽപ്പന്തു കളിയുടെ ഒരു ദൃക്സാക്ഷിവിവരണം

ഫുട്ബോൾ ഗ്യാലറി

ജൂലൈ 17 നു നടന്ന അക്ഷരായനം നടത്തിയ “കളിക്കളം / പന്തുരുളുമ്പോൾ ”എന്ന മീറ്റിംഗിൽ രാമൻ തൃക്കഴിപ്പുറം നടത്തിയ key note അഡ്രസ് :

ഫിഫ പ്രീക്വാർട്ടർ മത്സരം ഫ്രാൻസ് -പരാഗ്വയ്‌ - കാൽപ്പന്തു കളിയുടെ

ഒരു ദൃക്സാക്ഷിവിവരണം

ഇന്ന് 2026 ജൂലൈ 4

ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായികമേളകളിലൊന്നായ ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം നേരിട്ട് കാണുക എന്നത്, പലരെയും പോലെ, എന്റെയും ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. ആ സ്വപ്നം സഫലമായത് അമേരിക്കയിലെ ഫിലഡൽഫിയയിലെ സ്റ്റേഡിയത്തിൽ ഫ്രാൻസും പരാഗ്വെയും തമ്മിലുള്ള ലോകകപ്പ് മത്സരം നേരിൽ കണ്ടപ്പോഴാണ്.

അവിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം വാക്കുകളിൽ പൂർണമായി വിവരിക്കുക പ്രയാസമാണ്. എങ്കിലും, അതിന്റെ ഒരു ദൃക്‌സാക്ഷിവിവരണം എന്റെ മൂത്ത ഏട്ടന്റെ മൂത്ത മകനായ രവീന്ദ്രനോട് ഫോണിലൂടെ പറഞ്ഞുകൊടുത്തത്, ഏറെക്കുറെ അതേപടി ഇവിടെ കുറിച്ചുവയ്ക്കുകയാണ്. രവി “ഹും “എന്ന് മൂളിയിരുന്നത് ഇതിൽ എഴുതിയില്ല എന്ന കുറവുണ്ട്! ഇതിലെ മറ്റു കുറ്റങ്ങളും കുറവുകളും സഹൃദയർ സദയം പൊറുക്കണം.!

രവീ! ആദ്യം തന്നെ ഒരു കാര്യം പറയാം. ഞാൻ ഇവിടെ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം പറഞ്ഞുകൊണ്ടേയിരിക്കും. അതു കേൾക്കുമ്പോൾ നീ ഇടയ്ക്കൊക്കെ,

“ഓ, അതേയോ… ശരി… മനസ്സിലായി… ബലേ… നല്ല കാര്യം…”

എന്നിങ്ങനെ സരസമായി പ്രതികരിച്ചില്ലെങ്കിലും, ചുരുങ്ങിയ പക്ഷം മൂളുകയെങ്കിലും ചെയ്യണം.

ഇവിടെ ഇപ്പോൾ ഉച്ചതിരിഞ്ഞ് മൂന്ന് മണിയാണ്. നാട്ടിലെ സമയം ഇവിടത്തേക്കാൾ ഒമ്പതര മണിക്കൂർ മുൻപിലാണല്ലോ. അവിടെ രാത്രി പന്ത്രണ്ടര കഴിഞ്ഞിട്ടുണ്ടാവും. എന്റെ കമന്ററി നാലഞ്ചു മണിക്കൂർ വരെ നീണ്ടുപോകും. അതായത് രാത്രി മുഴുവൻ.

നീ ഉറങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ സൂത്രം. അല്ലാതെ മറ്റിച്ചു ധരിക്കരുത്!

രവീ, ഇന്ന് അമേരിക്കയുടെ 250-ാമത് സ്വാതന്ത്ര്യദിനമായതിനാൽ പൊതുഅവധിയാണ്. അതുകൊണ്ട് അപ്പുവിന്—“പരം നമ്പൂതിരി” എന്ന പേരിലാണ് ഇയാൾ ഇവിടെ അറിയപ്പെടുന്നത്—ഒഴിവുകിട്ടി. ഞാനും സുഭാഷിണിയും അപ്പുവും കൂടി കാറിലും ട്രെയിനിലും ടാക്സിയിലുമായി മൂന്നുമണിക്കു മുമ്പേ ഫിലഡൽഫിയയിലെത്തിക്കഴിഞ്ഞു.

മരുമകൾ പാർവതിയും പേരക്കുട്ടി റെയാൻശും വീടിനടുത്തുള്ള സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പോയതിനാൽ ഞങ്ങളോടൊപ്പം വന്നിട്ടില്ല.

സ്റ്റേഡിയത്തിലേക്ക് അടുക്കുംതോറും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫുട്ബോൾ ആരാധകരുടെ ആവേശം നേരിൽ കണ്ടുകൊണ്ടാണ് ഞങ്ങൾ നടക്കുന്നത്. ഇതൊരു മത്സരവേദിയിലേക്കുള്ള യാത്രയല്ല; ഒരു ലോകോത്സവത്തിലേക്കുള്ള പ്രവേശനം തന്നെയാണെന്ന് നിസ്സംശയം പറയാം.

രവീ, ഇനി സ്റ്റേഡിയത്തിലെ ആദ്യ അനുഭവം പറയാം.

വൈകുന്നേരം അഞ്ചിനാണ് മത്സരം. എന്നാൽ ഉച്ചകഴിഞ്ഞ് മൂന്നുമണിമുതൽ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്. സുരക്ഷാപരിശോധനകൾ വളരെ ക്രമബദ്ധമായിരുന്നെങ്കിലും അനാവശ്യമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. സുതാര്യമായ പ്ലാസ്റ്റിക് ബാഗുകൾ മാത്രമേ അകത്തേക്ക് അനുവദിക്കുന്നുള്ളൂ. അത്യാവശ്യസാധനങ്ങളായ പേഴ്സ്, മൊബൈൽ ഫോൺ, താക്കോൽ എന്നിവ മാത്രം കൈവശംവച്ച് ഞങ്ങൾ അകത്തുകയറി.

എന്നെ ഇപ്പോൾ കണ്ടാൽ നിനക്കു തിരിച്ചറിയാൻ പ്രയാസമാവും. ഞാൻ എംബാപ്പെയുടെ പത്താം നമ്പർ ജേഴ്സിയുമണിഞ്ഞാണ് നടക്കുന്നത്. തലയിലൊരു തൊപ്പിയും.

അപ്പുവിന് ആഴ്‌സനലിന്റെ ജേഴ്സിയാണ്.

ഞങ്ങൾ ഫ്രാൻസ് ആരാധകരാണെന്ന് കരുതിയാവണം, ഒരാൾ ഫ്രാൻസിന്റെ പതാക സുഭാഷിണിക്ക് കൊടുത്തു. അതും പിടിച്ചാണ് സുഭയുടെ നടത്തം!

സ്റ്റേഡിയത്തിനുള്ളിൽ ഭക്ഷണവും പാനീയങ്ങളും ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ മികച്ചതാണ്; അതുപോലെ തന്നെയാണ് അവയുടെ വിലയും! ആവശ്യമായ കുറച്ച് സാധനങ്ങൾ വാങ്ങി ഞങ്ങൾ കൈയിൽ കരുതിയിട്ടുണ്ട്.

ഞങ്ങളുടെ സീറ്റുകൾ സ്റ്റേഡിയത്തിന്റെ തെക്കുപടിഞ്ഞാറൻ മൂലയോടു ചേർന്ന ഭാഗത്താണ്. നാലുമണിയോടെ അവിടെ തണൽ വീണുതുടങ്ങിയ ശേഷമാണ് ഞങ്ങൾ അവിടെ ഇരുന്നത്. കിഴക്കൻ ഗാലറിയിലിരുന്നവർ അപ്പോഴും ശക്തമായ വെയിൽ സഹിച്ചുകൊണ്ടിരിക്കുകയാണ്.

ഞങ്ങൾ സീറ്റിലെത്തിയപ്പോൾ ഓരോ സീറ്റിലും ഓരോ കട്ടിക്കടലാസ് വെച്ചിട്ടുള്ളതായി കണ്ടു. എന്തിനാണതെന്നോ?

ചൂട് /വെയിൽ ഒഴിവാക്കാൻ!

അതെടുത്ത് കുടപോലെ ചൂടാം; അല്ലെങ്കിൽ വിശറിയാക്കാം. സംഗതി വളരെ ഉപകാരമായി. രണ്ടു തരത്തിലും ഞാനത് മാറിമാറി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്!

നീയവിടെ മൂടിപ്പുതച്ച് ഇരിക്കുകയാവാം, അല്ലേ രവീ?

പരിശീലനത്തിനായി ഇരു ടീമുകളുടെയും താരങ്ങൾ ഗ്രൗണ്ടിലിറങ്ങുകയാണ് ഇപ്പോൾ. കിലിയൻ എംബാപ്പെ ഉൾപ്പെടെയുള്ള ലോകപ്രശസ്ത കളിക്കാരെ നേരിൽ കാണാൻ കഴിയുന്നത് തന്നെ ഭാഗ്യം! ഞങ്ങളുടെ ഈ യാത്ര വസൂലായി എന്നുതോന്നുന്നു.

ഇവിടത്തെ ആംബിയൻസ് ഒന്നു വേറെയാണ്, രവീ!

ഇന്ന് താപനില 46 ഡിഗ്രി സെൽഷ്യസിനടുത്തെത്തുമെന്നായിരുന്നു പ്രവചനം. പ്രവചനം ഒട്ടും തെറ്റിയില്ല. ഉഷ്ണക്കാറ്റും അനുഭവപ്പെടുന്നുണ്ട്. പക്ഷേ ലോകകപ്പിന്റെ ആവേശം ആ ചൂടിനെയെല്ലാം മറികടക്കുകയാണ്.

സ്റ്റേഡിയത്തിനകത്ത് വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ആളുകൾ, പല ഭാഷകൾ, വ്യത്യസ്ത ദേശീയപതാകകൾ, വർണാഭമായ വസ്ത്രങ്ങൾ, മുഖത്തെ ചായങ്ങൾ, പലതരം തൊപ്പികൾ, ഗാനങ്ങൾ, മുദ്രാവാക്യങ്ങൾ—ഇവയെല്ലാം ചേർന്ന് അവിടം ഒരു ആഗോളോത്സവമായി മാറിയിരിക്കുകയാണ്, രവി!

68,324 പേർക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്,

2026 ഫിഫ ലോകകപ്പിനായി അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യങ്ങളിലായി ഒരുക്കിയ പതിനാറ് ലോകോത്തര സ്റ്റേഡിയങ്ങളിലൊന്നാണ് ഇത്. എല്ലാം വളരെ കൃത്യമായി നടക്കുന്നു. ഇവിടെ ഞാൻ കാണുന്നത് സംഘാടനമികവിന്റെ ഉത്തമോദാഹരണമാണ്.അടുക്കും ചിട്ടയും ചേലും അതികേമം.

ഇന്ന് അമേരിക്കയുടെ സ്വാതന്ത്ര്യദിനമായതിനാൽ പതിവ് പരിപാടികൾക്കു പുറമെ പ്രത്യേക പരിപാടികളും ഇവിടെ നടക്കുന്നുണ്ട്. ആഘോഷങ്ങൾക്ക് പ്രത്യേക ഭംഗിയുണ്ട് എന്നു പറയാതെ വയ്യ.

അമേരിക്കൻ ദേശീയഗാനാലാപനത്തോടൊപ്പം ഭീമാകാരമായ അമേരിക്കൻ പതാക ഗ്രൗണ്ടിൽ കൊണ്ടുവന്ന് വിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഞാൻ കാണുന്നത്. തുടർന്ന് നാല് യുദ്ധവിമാനങ്ങൾ ഡയമണ്ട് രൂപത്തിൽ സ്റ്റേഡിയത്തിനു മുകളിലൂടെ പറന്നുപോയപ്പോൾ മുഴുവൻ കാണികളും ആവേശത്തോടെ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി.

പതാക മാറ്റി ;ഇനി പ്രീ-മാച്ച് പരിപാടി തുടങ്ങുകയായി.

ഫ്രാൻസിന്റെയും പരാഗ്വെയുടെയും ഭീമൻ ദേശീയപതാകകൾ—172 അടി × 124 അടി വലുപ്പമുള്ളവ—21,000-ലധികം ചതുരശ്ര അടി വിസ്തീർണമുള്ളവ, അതായത് ഏകദേശം അമ്പത് സെന്റ്!—എഴുപതിലധികം സന്നദ്ധപ്രവർത്തകർ ചേർന്ന് ഗ്രൗണ്ടിലേക്ക് കൊണ്ടുവരുന്നു.

കിക്കോഫ് സർക്കിളിന്—അത് 60 അടി വ്യാസമുള്ളതാണ്, രവീ!—മുകളിൽ ഫിഫയുടെ ചിഹ്നവും ഇപ്പോൾ വിരിക്കുകയാണ്. അതും ഒരു കൂറ്റൻ സാധനം. അമ്പതോളം പേർ ചേർന്നാണ് അത് താങ്ങുന്നത്.

രവീ, ഇവയുടെ വലിപ്പം കണ്ടാൽ കണ്ണുതള്ളിപ്പോകും!

ചെറുകുട്ടികളുടെ അകമ്പടിയോടെയാണ് താരങ്ങൾ ഗ്രൗണ്ടിലേക്ക് കടന്നുവരുന്നത്. ഭാവിതലമുറയിൽ കായികസ്നേഹവും സൗഹൃദവും വളർത്താനുള്ള മനോഹരമായൊരു സന്ദേശമാണ് അതിൽ കാണുന്നത്. ഇവരെ “ലിറ്റിൽ മാസ്കറ്റ്സ്” എന്നാണ് വിളിക്കുന്നത്.എന്ന് രവീ നിയ്യ്‌ ധരിച്ചട്ടുണ്ടോ?

2026 ലോകകപ്പിന്റെ ഔദ്യോഗിക മാസ്കറ്റുകളായ Maple, Zayu, Clutch എന്നിവയും ഇവിടെയുണ്ടാകുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല!

ഇരു ടീമുകളുടെയും ദേശീയഗാനം ആലപിക്കുമ്പോൾ കാണികൾ കരഘോഷത്തോടെ എഴുന്നേറ്റുനിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഇവിടെ കാണാനാകുന്നത്.

റഫറിമാരും കളിക്കാരും ഹസ്തദാനം നൽകി. ആരാണ് ഏത് ഭാഗത്തുനിന്ന് കളിക്കേണ്ടതെന്ന് നാണയമെറിഞ്ഞ് തീരുമാനിക്കുന്ന കാഴ്ചയും ഇപ്പോൾ കാണാം.

ഏതാനും മിനിറ്റുകൾക്കുള്ളിൽ ഈ കൂറ്റൻ പതാകകളെല്ലാം മടക്കി ചുരുട്ടി അവിടെനിന്ന് നീക്കുന്ന സന്നദ്ധപ്രവർത്തകരുടെ കൃത്യത അതിശയിപ്പിക്കുന്നതാണ്, രവീ! എണ്ണയിട്ട യന്ത്രംപോലെയാണ് അവർ പ്രവർത്തിക്കുന്നത്.

അതാ, കേട്ടില്ലേ—ഒരു വിസിൽ!

റഫറിയുടെ ആ ആദ്യ വിസിലോടെ സ്റ്റേഡിയം ആവേശത്തിന്റെ കടലായി മാറി.

കളി തുടങ്ങി!

പന്ത് ഞങ്ങളുടെ ഭാഗത്തേക്ക് വരുമ്പോഴെല്ലാം ഈ ഭാഗത്തെ ആയിരക്കണക്കിന് കാണികൾ ഒരുമിച്ച് എഴുന്നേറ്റ് ആർത്തുവിളിക്കുകയാണ്.

കളിയെപ്പറ്റി അധികമൊന്നും പറയുന്നില്ല. നീ കളി ടെലിവിഷനിൽ കാണുന്നതാണല്ലോ. എടുത്തുപറയാനുള്ളത് എംബാപ്പെയുടെ ഒരു പെനാൽറ്റി ഗോൾ മാത്രം. അതിന്റെ ഫോട്ടോയും വീഡിയോയും എടുത്തിട്ടുണ്ട്.ഫൗൾ കളി ധാരാളം കണ്ടു.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ജർമ്മനി–ഫ്രാൻസ് കളിയായിരിക്കുമെന്നായിരുന്നല്ലോ ഞങ്ങളുടെ മനോരാജ്യം! അവസാനം ഫ്രാൻസ്–പരാഗ്വെ മത്സരമായി.

എങ്കിലും ലോകകപ്പ് നേരിൽ കാണാനുള്ള അവസരം ലഭിച്ചല്ലോ—അതുതന്നെയാണ് പ്രധാനം.

ടെലിവിഷനിൽ മത്സരം കാണുന്നതും സ്റ്റേഡിയത്തിലെത്തി നേരിട്ട് അനുഭവിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഇപ്പോഴാണ് ഏതാണ്ട് മനസ്സിലാകുന്നത്.

ചൂടും കാറ്റും പതിനായിരങ്ങളുടെ ആർത്തിരമ്പലും വികാരങ്ങളുടെ പ്രവാഹവും ചേർന്ന ഒരു അനുഭവമുണ്ടല്ലോ—അത് വാക്കുകളിൽ പൂർണമായി വിവരിക്കാൻ കഴിയില്ല, രവീ!

“തന്നതില്ല പരനുള്ളു കാട്ടുവാൻ

ഒന്നുമേ നരനുപായമീശ്വരൻ…”

എന്ന കവിവാക്യം ഓർമ വരുന്നു.

വടക്കും തെക്കും ഭാഗങ്ങളിലെ ഭീമൻ സ്ക്രീനുകളിൽ—ഏകദേശം 175 അടി × 27 അടി വലുപ്പമുള്ളവ—തത്സമയ ദൃശ്യങ്ങളും റീപ്ലേകളും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനു ഒരു മൂന്നുനില കെട്ടിടത്തിന്റെ ഉയരം!

ഇത്രയും വലുതായാലേ സ്റ്റേഡിയത്തിലെ എല്ലാവർക്കും എവിടെനിന്നു നോക്കിയാലും വ്യക്തമായി കാണാൻ കഴിയൂ; പ്രത്യേകിച്ചും അതിൽ എഴുതിക്കാണിക്കുന്ന കാര്യങ്ങൾ!

ഇതാ, ഇപ്പോൾ സുഭാഷിണിയേയും അപ്പുവിനെയും സ്ക്രീനിൽ കാണിക്കുന്നുണ്ട്!

നിമിഷംകൊണ്ട് സുഭ ഒരു ടി.വി. സെലിബ്രിറ്റിയായി.അപ്പുവിന്റെ മുഖം വ്യക്തമല്ല.

അത് നമ്മുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ചിലപ്പോൾ വലിയ സന്തോഷമുളവാക്കിയിട്ടുണ്ടാവാം! നീ കണ്ടില്ലേ?

ഇനി ഫോൺവിളികളുടെ പ്രവാഹമായിരിക്കും!

സുഭയും അപ്പുവും നിൽക്കുകയായിരുന്നു. ഞാൻ ഇരുന്നുകൊണ്ട് കമന്ററി പറയുന്നതിനാൽ എന്റെ മുഖം ടിവിയിൽ വന്നില്ല.

ഭാഗ്യം!

ഇല്ലെങ്കിൽ ഈ കമന്ററി മുഴുമിപ്പിക്കാൻ പറ്റാത്തത്ര ഫോൺവിളികൾ ഇപ്പോത്തന്നെ വരുമായിരുന്നു!

ശക്തമായ ചൂട് കാരണം ഹൈഡ്രേഷൻ ഇടവേളകൾ ഫിഫ അനുവദിക്കുന്നുണ്ട്. ആ സമയത്ത് മൈതാനത്ത് വെള്ളം തളിക്കുകയും ചെയ്യുന്നു. കളിക്കാർ വെള്ളം കുടിക്കുന്നതിനേക്കാൾ തലയിൽ വെള്ളമൊഴിച്ച് ശരീരം തണുപ്പിക്കുന്ന കാഴ്ച ഇവിടത്തെ കാലാവസ്ഥയുടെ കാഠിന്യം വ്യക്തമാക്കുന്നതാണ്, രവീ!

ഫിഫക്കാർ പരസ്യത്തിനുവേണ്ടിയാണ് ഹൈഡ്രേഷൻ ബ്രേക്ക് തുടങ്ങിവച്ചത് എന്ന പരാതി മുഴുവൻ വാസ്തവമല്ലെന്ന് ഇപ്പോൾ നേരിൽ കണ്ടപ്പോൾ മനസ്സിലായി.

അവ അത്യാവശ്യം തന്നെ!

രവീ, ഫുട്ബോൾ പഠിപ്പിച്ച ഒരു ജീവിതപാഠം എന്താണെന്നും പറയാം.

ഗാലറിയിലിരുന്ന് കളിക്കാരനെ വിമർശിക്കുക വളരെ എളുപ്പമാണ്.

എന്നാൽ അതിവേഗത്തിൽ ഓടിക്കൊണ്ട്, എതിർടീമിന്റെ സമ്മർദ്ദത്തിനിടയിൽ, നിമിഷങ്ങൾക്കുള്ളിൽ ശരിയായ തീരുമാനം എടുക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നത് എത്ര ദുഷ്കരമാണെന്ന് നേരിൽ കണ്ടപ്പോൾ കൂടുതൽ മനസ്സിലായി.

പ്രത്യേകിച്ച് ഇത്രയും കഠിനമായ ചൂടിൽ കളിക്കുന്ന താരങ്ങളുടെ അധ്വാനത്തോടും പ്രതിബദ്ധതയോടും കൂടുതൽ ബഹുമാനം തോന്നി എന്നതും സത്യമാണ്.

സാങ്കേതികവിദ്യയുടെ കരുത്ത് ഉണ്ടല്ലോ—അതെപ്പറ്റി പറയാതെ വയ്യ!

രവീ, ആധുനിക ഫുട്ബോളിൽ സാങ്കേതികവിദ്യയുടെ പങ്ക് അതിശയകരമാണ്.

അമ്പതിലധികം ക്യാമറകളാണ് അവിടെ പ്രവർത്തിക്കുന്നത്. പന്തിനുള്ളിലെ സെൻസറുകൾ, ഗോൾ-ലൈൻ ടെക്നോളജി, VAR സംവിധാനം എന്നിവ കളിയുടെ ഓരോ നിമിഷവും കൃത്യമായി വിലയിരുത്താൻ സഹായിക്കുന്നു. കളിക്കാരുടെ വേഗം, അവർ ഓടിയ ദൂരം, ശരീരചലനങ്ങൾ തുടങ്ങിയവയും ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെടുന്നു.

ഓഫ്‌സൈഡാണോ, ഹാൻഡ്‌ബോൾ ആണോ, പന്ത് ഗോൾവര കടന്നോ ഇല്ലയോ എന്നൊക്കെ ഇപ്പോൾ കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നു. തെറ്റുകൾ കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും സാങ്കേതികവിദ്യ വഴി സുഗമമാകുന്നു.

രണ്ട് കല്ലുകൾ ഗോൾപോസ്റ്റാക്കി, ടെന്നീസ് ബോൾകൊണ്ട് ഫുട്ബോൾ കളിച്ചിരുന്ന എന്റെ കുട്ടിക്കാലത്തെ ഫുട്ബോളിൽ നിന്ന് ഇത്രയും സാങ്കേതികവിദ്യ നിറഞ്ഞ ആഗോള കായികമേളയിലേക്കുള്ള വളർച്ച ശരിക്കും വിസ്മയകരമാണ്.

ഇത്രയും വലിയ തോതിലുള്ള ഒരു മഹാസംഭവത്തിന്റെ വിജയത്തിന് പിന്നിലെ മനുഷ്യർ തികച്ചും അഭിനന്ദനാർഹരാണ്.

മത്സരം കഴിഞ്ഞ് മടങ്ങുമ്പോഴും അവരുടെ സംഘാടനമികവ് വ്യക്തമായി കാണാൻ പറ്റുന്നുണ്ട്. ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും കാണികളെ സഹായിക്കുന്നതിൽ ഇപ്പോഴും മുഴുകിയിരിക്കുകയാണ്.

സ്വന്തം ചുമതല ഭംഗിയായി നിർവഹിക്കുന്നതിലാണ് അവരുടെ ശ്രദ്ധ.

എംബാപ്പെ ഗോൾ അടിച്ചപ്പോഴും ഗാലറിയിലേക്ക് നോക്കി സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധിച്ചിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കണ്ടപ്പോൾ അവരുടെ ആത്മാർഥതയെ എത്ര പ്രശംസിച്ചാലും മതിയാകില്ല എന്നു തോന്നി.

തമാശയ്ക്ക് പോലും അവരെ “തീർത്ഥങ്കര പാപികൾ” എന്ന് വിളിക്കരുത്!

ഒരു ലോകകപ്പ് മത്സരം വെറും 90 മിനിറ്റിന്റെയോ 120 മിനിറ്റിന്റെയോ കളിയല്ല. വ്യത്യസ്ത രാഷ്ട്രങ്ങളിൽ നിന്നുള്ള ടീമുകൾ തമ്മിലുള്ള ഒരു മത്സരം മാത്രവുമല്ല അത്.

അതിന്റെ പിന്നിൽ വർഷങ്ങളുടെ ആസൂത്രണവും ആയിരക്കണക്കിന് മനുഷ്യരുടെ അധ്വാനവുമുണ്ട്.

2030-ലെയും 2034-ലെയും ലോകകപ്പുകൾക്കുള്ള ഒരുക്കങ്ങൾ ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞതും അതിന്റെ തെളിവല്ലേ, രവീ!

രവീ, സമാപനമായി പറയട്ടെ!

ഫിലഡൽഫിയയിലെ സ്റ്റേഡിയത്തിൽ ചെലവഴിച്ച ഈ ഏതാനും മണിക്കൂറുകൾ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിൽ ഒന്നായി എന്നും നിലനിൽക്കും.

ഫുട്ബോൾ ഒരു കളി മാത്രമല്ല; ഭാഷയും രാജ്യവും സംസ്കാരവും മറികടന്ന് മനുഷ്യരെ ഒരേ വികാരത്തിൽ കൂട്ടിയിണക്കുന്ന അത്ഭുതശക്തിയാണ് അത്.

ജൂൾസ് റിമെയുടെ സ്വപ്നം ഇന്നും ലോകകപ്പിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു എന്നും നമുക്കോർക്കാം.

യുദ്ധങ്ങളിലൂടെയല്ല, സൗഹൃദത്തിലൂടെയും സഹകരണത്തിലൂടെയും ആരോഗ്യകരമായ മത്സരത്തിലൂടെയും ലോകത്തെ ഒന്നിപ്പിക്കുക എന്ന ആശയം നമുക്ക് മുറുകെപ്പിടിക്കാം.

വരും തലമുറകൾ അതിനായി ശ്രമിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം!

ഫിലഡൽഫിയയിലെ സ്റ്റേഡിയത്തിൽ നിന്ന്,

ക്യാമറാമാൻ പരം നമ്പൂതിരിയോടൊപ്പം,

“ടീവി സെലിബ്രിറ്റി ”സുഭാഷിണി രാമനോടും ഒപ്പം,

നമസ്‌കാരം പറയുന്നത്

തൃക്കഴിപ്പുറം രാമൻ.

← എല്ലാ അറിയിപ്പുകളും