അക്ഷരായനം പത്താമത് വായനോത്സവം രജിസ്ട്രേഷൻ ലിങ്ക്

അക്ഷരായനം ഉദ്ദേശലക്ഷ്യങ്ങൾ

വായന, വിജ്ഞാനം, സർഗ്ഗാത്മകത, സമൂഹം — ഇവയെ ഒരുമിപ്പിക്കുന്ന അക്ഷരായനത്തിന്റെ യാത്രയും ലക്ഷ്യവും.

അക്ഷരായനം

അറിവിൻ്റെ വാതായനമാണ് വായന. വിജ്ഞാനത്തിൻ്റെ മഹത്തായ ലോകം കുട്ടികൾക്കും, അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രാപ്യമാക്കുന്നതിൽ വായനക്ക് മുഖ്യ പങ്കുണ്ടല്ലോ. വായന സ്വഭാവികമായി വികസിക്കുന്ന ഒരു കഴിവോ, നൈപുണിയോ അല്ല. മറിച്ച് കൃത്യമായ പരിശീലനങ്ങളിലൂടെ ആർജ്ജിക്കുന്നതാണ്. വായന നഷ്ടമാകുന്ന സമൂഹം അജ്ഞത എന്ന അന്ധകാരത്തിലേക്കാണ് നിങ്ങുക. കുട്ടികൾക്ക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അധികവായനയും സമാന്തര വായനയും പ്രോത്സാഹിപ്പിക്കുവാൻ നാം ബോധപൂർവ്വം ശ്രമിക്കേണ്ടതുണ്ട്. ഓരോ ക്ലാസ്സുമുറികളിലും, വിദ്യാലയത്തിൽ പൊതുവായും, നാട്ടിലും വീട്ടിലും വായനയുടെ മരുതൻ ചുറ്റി നിൽക്കേണ്ടതുണ്ട്. അതിനു വേണ്ടി ആരംഭിച്ച സന്നദ്ധ സാംസ്കാരിക കൂട്ടായ്മയാണ് അക്ഷരായനം.

വായനയുടെ പ്രാധാന്യം

വായന ജീവിതത്തിൻ്റെ അഗാധതലങ്ങളെ പരിചയപ്പെടുത്തുന്നു. വിവിധ രീതിയിലുള്ള ഗ്രന്ഥങ്ങൾ, മഹാത്മാക്കളുടെ ജീവചരിത്രം, അനുഭവങ്ങൾ, ഗവേഷണങ്ങൾ, പഠനങ്ങൾ, വിവിധ വ്യവഹാരങ്ങളിലെ ഭാഷ പ്രത്യേകതകൾ, ശൈലികൾ, ഭാഷ സൗന്ദര്യം എന്നിവ പരിചയപ്പെടുത്തുന്നു. അത് നമുക്ക് ഒരു ജീവിത അനുഭവത്തിനുമപ്പുറം പലരുടേയും ജീവിതങ്ങളെ കാണിച്ചുതരുന്നു.അത് അതിജീവനത്തിന് കരുത്തു പകരുന്നു. വായന സാമൂഹിക ജീവിതത്തെയും, പരിസരത്തേയും, അവനവനെയും ആഴത്തിൽ അറിയിയുന്നതിനും സഹായിക്കുന്നു.

അക്ഷരായനത്തിന്റെ തുടക്കം

രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നടപ്പാക്കിയ സർവ്വശിക്ഷാ അഭിയാൻ തൃശൂർ പ്രോജക്റ്റു കീഴിൽ തൃശൂർ കോർപ്പറേഷൻ അർബൻ റിസോഴ്സ് സെൻ്ററിൻ്റെ നേതൃത്വത്തിൻ 2017 സെപ്തംബർ മാസത്തിൽ തൃശൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ സഹകരണത്തോടെ ആരംഭിച്ച വായന പരിപോഷണത്തിനുള്ള നൂതന പദ്ധതിയാണ് അക്ഷരായനം.ഇപ്പോൾ പൂർണ്ണമായും സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ആറുവർഷം പിന്നീടുകയാണ്.

വായനയിൽ നിന്ന് സർഗ്ഗാത്മകതയിലേക്ക്

വിദ്യാർത്ഥികളെ സാരോപദേശകഥകളിലൂടെ തുടങ്ങി പ്രായത്തിനും, പഠനത്തിനുമനുയോജ്യമായ വിവിധ ഭാഷകളിലെ ക്ലാസിക് ഗ്രന്ഥങ്ങളിൽ നയിക്കുവാൻ ഈ കൂട്ടായ്മക്ക് സാധിക്കുന്നു. വായന, സർഗ്ഗശേഷിയുടെ സാർത്ഥകമായ ഒരു പ്രക്രിയയായി മാറിയിരിക്കുന്നു. വായനാനുബന്ധ പ്രവർത്തനങ്ങളിലൂടെ അക്ഷരായനകുടുംബാംഗങ്ങളുടെ സർഗ്ഗാത്മക രചന വൈഭവും, പ്രകടനപരതയും വളർന്നിരിക്കുന്നു. ഇനിയും ആഴത്തിലുള്ള സർഗ്ഗാത്മക, ക്രിയാത്മക പരിശ്രമത്തിലാണ് അക്ഷരായനം.

ലക്ഷ്യം

വായനയിലൂടെയും, മറ്റു സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെ വിജ്ഞാനത്തിൻ്റെ മഹാപ്രപഞ്ചം സ്വയം ആർജ്ജിക്കുന്നതിനൊപ്പം സമൂഹത്തിനും പ്രാപ്യമാക്കുക.

ഉദ്ദേശ്യങ്ങൾ

1

കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഗ്രന്ഥശാല പ്രവർത്തകരുടെയും സമൂഹത്തിൻ്റെയും വായന അഭിവൃദ്ധിപ്പെടുത്തുക.

2

ഉചിതമായ പുസ്തകങ്ങൾ കണ്ടെത്തി വായന നൽകുക. ആ കൃതികളെയും രചിതാക്കളേയും സൂക്ഷമമായി പഠിക്കുക. വിവിധ തല പ്രവർത്തനങ്ങളിലൂടെ അപഗ്രഥന വിശകലന രീതികൾ വികസിപ്പിക്കുക.

3

വിവിധ പ്രായത്തിലുള്ള വായന ഇഷ്ടപ്പെടുന്നവരെ കണ്ടെത്തി, വിവിധ ഗ്രൂപ്പുകളാക്കി പ്രത്യേകം വായന പ്രവർത്തനങ്ങൾ നൽകുക.

4

ക്ലാസ്സ് ലൈബ്രറികളും, വിദ്യാലയ പൊതു ലൈബ്രറികളും, നാട്ടിലെ ഗ്രന്ഥശാലകളും തമ്മിൽ വിഭവ പങ്കുവെക്കലും, അവയുടെ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുക.

5

ഓഡിയോ വായനസാമഗ്രികൾ വികസിപ്പിക്കുക. അവ പ്രത്യേക ഭിന്നശേഷി വിഭാഗങ്ങൾക്ക് ലഭ്യമാക്കുക.

6

മികച്ച ലൈബ്രറികളേയും, വായനക്കാരേയും, ലൈബ്രറിയേന്മാരേയും പ്രോത്സാഹിപ്പിക്കുക. സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുക. ലൈബ്രറികളുടെ സേവനം കാര്യക്ഷമമാക്കുവാൻ സഹായിക്കുക.

7

e - reading കാര്യക്ഷമമാക്കുക.e വിഭവങ്ങൾ പങ്കിടുക. e സാമഗ്രികൾ വികസിപ്പിക്കുന്നവരെ ആദരിക്കുക.

അക്ഷരായനം എന്തു ചെയ്യുന്നു.?

അക്ഷരായനം പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിലും, പ്രാദേശിക ലൈബ്രറികളിലും പ്രവർത്തനങ്ങൾ സജീവമാക്കുവാൻ സഹായിക്കുന്നുണ്ട്. പ്രാദേശിക ലൈബ്രറി സന്ദർശനം, വായനാകാമ്പയിൻ സംഘടിപ്പിക്കൽ, പത്രവായനക്വിസ്, അമ്മ വായന, സർഗ്ഗച്ചുവർ, സാഹിത്യകാരൻമാരോടൊപ്പം, കഥയരങ്ങ്, കവിയരങ്ങ്, സ്വന്തം കവിത അവതരണം, വായനാക്കുറിപ്പ് പതിപ്പ്, സ്കൂൾ ബ്ലോഗ്, പുസ്തക ചാർട്ട്, ഇന്നത്തെ പുസ്തകം, ഹോം ലൈബ്രറി, വായനാകാർഡുകളുടെ രചന, സാഹിത്യ ശില്പശാലകൾ, സെമിനാറുകൾ, സാഹിത്യകാരന്മാരുടെ ഓർമ്മദിനാചരണം തുടങ്ങി വൈവിധ്യമുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളിലും, അധ്യാപകരിലും, രക്ഷിതാക്കളിലും സാഹിത്യ താത്പര്യം വർദ്ധിച്ചിട്ടുണ്ട്.

പിന്നിട്ട കാൽപ്പാടുകൾ

അക്ഷരായനം ആദ്യകാലങ്ങളിൽ അവധിക്കാലം -വായനക്കാലം എന്ന ആപ്തവാക്യമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 'വായന വസന്തം പിറക്കട്ടെ' എന്നാണ്. 2017 സെപ്തംബർ ആലോചന നടത്തി 2017 നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്ത അക്ഷരായനം അഞ്ചു വർഷം പിന്നിടുന്ന വേളയിൽ ഇതിൻ്റെ വളർച്ചയിൽ സഹായി ഏവരേയും സ്മരിക്കുന്നു. നന്ദി പങ്കിടുന്നു.തൃശൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ സഹായങ്ങളെ വിലമതിക്കാനാകില്ല.2018 ഏപ്രിൽ 7ന് തൃശൂർ മാർത്തോമ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ശില്പശാലയും പൊതുസമ്മേളനവും അന്നത്തെ കൃഷിമന്ത്രി അഡ്വ.വി.എസ് സുനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചത്.2018 ജൂണിൽ സീസൺ ഒന്നിൻ്റെ മികച്ച വായനക്കാരെ അനുമോദിച്ചു.

വായനോത്സവം

സീസൺ 2

അക്ഷരായനം സീസൺ 2 ൻ്റെ ഉദ്ഘാടനം 2018 ജൂലായ് 28ന് തൃശൂർ വിവേകോദയം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.അക്ഷരായനം വായനാ വസന്തം എന്ന പേരാണ് ആ വർഷം സ്വീകരിച്ചത്. അതിൽ പങ്കെടുത്ത മികച്ച വായനക്കാരെ 2019 മാർച്ചിൽ ആദരിച്ചു. അപ്പോഴേക്കും അക്ഷരായനം സംസ്ഥാന തലത്തിൽ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

സീസൺ 3 & കോവിഡ് കാലം

അക്ഷരായനം സീസൺ 3 ൻ്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ തൃശൂർ യു.ആർ.സി ഹാളിൽ ജൂൺ മാസത്തിൽ നടന്നു. അതിലെ മികച്ച വായനക്കാരെ 2020 ഫെബ്രുവരി 15ന് തൃശൂർ വിവേകോദയം ഹയർ സെക്കണ്ടറിൽ സ്കൂളിൽ വെച്ച് ആദരിച്ചു.തുടർന്ന് കോവിഡ്- 19 എന്ന മഹാമാരിയുടെ പിടിയിലേക്ക് ലോകജനത മാറിയിരുന്നു. അതീജീവനത്തിൻ്റെ ഭാഗമായി വായനയിലേക്ക് മടങ്ങുവാൻ അഹ്വാനം ചെയ്ത് അക്ഷരായനം കൂട്ടായ്മ ഓൺലൈൻ വായനോത്സവം 2020 ആസൂത്രണം ചെയ്തു.

ലോക മലയാളി വായനോത്സവം

അതുവരെ തൃശൂർ കോർപ്പറേഷനിൽ തലത്തിൽ ഒതുങ്ങി നിന്ന അക്ഷരായനം രാജ്യത്തിൻ്റെയും വൻകരകളുടെയും അതിരുകൾ മറികടന്ന് ലോക മലയാളി വായനോത്സവമായി വികസിച്ചു. അക്ഷരായനം വായനോത്സവം 2020 ൽ രണ്ടായിരിത്തിൽ അധികം വ്യക്തികൾ പങ്കുചേർന്നു വായനോത്സം മനോഹരമാക്കി

.2021 ജനുവരി 26 ന് തൃശൂർ വിവേകോദയം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ കേരളത്തിലെ പല ഭാഗത്തും നിന്നും കുട്ടികളും, രക്ഷിതാക്കളും, ഗ്രന്ഥശാല പ്രവർത്തകരും അണിചേർന്നു. ബഹു .കേരള കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ, സാഹിത്യ അക്കാദമി പ്രസിഡണ്ട് ശ്രീ.വൈശാഖൻ, തൃശൂർ എം.പി.ശ്രീ.ടി.എൻ.പ്രതാപൻ, തൃശൂർ മേയർ ശ്രീ.എം.കെ.വർഗീസ്, ഡോ.സി. രാവുണ്ണി തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

അഞ്ചാമത് ഓൺലൈൻ വായനോത്സവം

അഞ്ചാമത് അക്ഷരായനം ഓൺലൈൻ വായനോത്സവം 2021 ജൂൺ 19 ന് ഗൂഗിൾ മീറ്റ് മുഖേന ഉദ്ഘാടനം നടന്നു.ഓരോ കാറ്റഗറിയിലും ലീഡ് ടീമിൻ്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ ഒക്ടോബർ 15ന് പൂർത്തീകരിച്ചു.മികച്ച വായനക്കാരേ അനുമോദിക്കുന്ന യോഗം ഒമിക്രോണിൻ്റെ വ്യാപനം കണക്കിലെടുത്ത് , 2022 ജനുവരി 26 ന്, ഓൺലൈനിൽ നടന്നു. പിന്നീട് 2022 മാർച്ച് 6 ന് വിപുലമായ അക്ഷരായനം കുടുംബ സംഗമം തൃശൂർ വിവേകോദയം ഹയർ സെക്കണ്ടറി സ്കൂളിലും വെച്ച് നടന്നു.400 ൽ അധികം പേർ പങ്കെടുത്തു.

ആറാമത് വായനോത്സവവും തുടർപ്രവർത്തനങ്ങളും

2022 ലെ ആറാമത് അക്ഷരായനം വായനോത്സവം 2022 ജൂൺ 19 മുതൽ 140 ദിവസം നടന്നു.അഞ്ചു കാറ്റഗറിയിലും നാലു പുസ്തങ്ങൾ വീതം വായനയും ഗ്രന്ഥകർത്താക്കളെ പരിചയപ്പെടലും തുടർന്നു. അതിനുശേഷം പ്രതിമാസ വായനയും എല്ലാ കാറ്റഗറി യും നടക്കുന്നു. വായന കൂടാതെ ദിവസവും ന്യൂസ് പേപ്പർ വിതരണം (PDF) നടത്തുന്നു. കുട്ടികളുടെ സംഗീത താത്പര്യം വർദ്ധിപ്പിക്കുന്നതിന് രാഗായനം എന്ന ഗ്രൂപ്പിലൂടെ ദിവസവും അവരുടെ പ്രകടനങ്ങൾ നടത്തുന്നു.

നിലവിലെ പ്രവർത്തനങ്ങൾ

കർഷക മിത്രായനം

കാർഷിക പ്രവർത്തനങ്ങളിൽ അംഗങ്ങൾക്ക് താത്പര്യമുണ്ടാക്കുവാൻ കർഷക മിത്രായനം എന്ന പേരിൽ ഒരു ഗ്രൂപ്പും പ്രവർത്തിക്കുന്നു. കൃഷി അനുബന്ധ അറിവുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു.

English Odyssey & പരിശീലന പ്രവർത്തനങ്ങൾ

തൊഴിൽ അന്വേഷകർക്ക് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്ന ഗ്രൂപ്പുകളുണ്ട്. അവർക്ക് വേണ്ടി പ്രത്യേക വിലയിരുത്തലുകളും നടത്തുന്നു.വിദ്യാഭ്യാസ മാർഗ്ഗ നിർദ്ദേശത്തിന് English Odyssey Education guidance telegran ചാനലും പ്രവർത്തിക്കുന്നുണ്ട്.

നാളിതുവരെയുള്ള പ്രവർത്തനങ്ങൾ

നാളിതുവരെ അക്ഷരായനം, രാഗായനം, കർഷക മിത്രായനം, English Odyssey, തൊഴിൽ നേടുന്നതിനുള്ള പരിശീലനം, ന്യൂസ് പേപ്പർ കോർണർ എന്നി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സൗജന്യമായി നൽകുന്ന ഈ സേവനങ്ങൾക്ക് കോർ/ ലീഡ് ടീം അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, ഗ്രന്ഥശാല പ്രവർത്തകർ എന്നിവരുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നു.ഇനിയും തുടർന്നും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.